പുൽപ്പള്ളി: കടുത്ത വേനൽച്ചൂടിനെത്തുടർന്ന് പശുക്കൾ ചത്ത ശിശുമലയിലെയും മറ്റും ഫാമുകൾ വിദഗ്ധ സംഘം സന്ദർശിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഡോ. കെ.എസ്. പ്രേമൻ, ഡോ. നീതു ദിവാകർ, ഡോ. കൃഷ്ണാനന്ദ് എന്നിവരടങ്ങുന്നതായിരുന്നു സംഘം. ചെറിയന്പനാട്ട് അപ്പച്ചൻ, വലിയവട്ടം രാജു, തടത്തിൽ രവി എന്നിവരുടെ ഫാമുകളിൽ ഇവർ പരിശോധന നടത്തി.
മൃഗാശുപത്രികളിലെ ചികിത്സാസംബന്ധമായ രേഖകൾ സംഘം പരിശോധിച്ചു. സാന്പിൾ ശേഖരണം നടത്തി. പശുക്കളുടെ മരണകാരണത്തിൽ സംഘം വൈകാതെ വ്യക്തത വരുത്തും. അർഹരായവർക്ക് ഉചിതമായ നഷ്ടപരിഹാരം ശിപാർശ ചെയ്യും.
ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം: ഐ.സി. ബാലകൃഷ്ണൻ
എംഎൽഎ
പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ കനത്തചൂട് മൂലം ജീവഹാനി സംഭവിച്ച കറവപശുക്കളുടെ ഉടമസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
മേഖലയിൽ നിരവധി കറവമാടുകൾ കനത്തചൂട് മൂലം അവശതയിലാണ്. ഇതോടെ ആയിരക്കണക്കിന് ക്ഷീരകർഷകരുടെ ഏകവരുമാനമാർഗമായ പശുവളർത്തൽ വലിയ പ്രതിസന്ധിയിലാണ്. പ്രസ്തുത വിഷയത്തെ സംബന്ധിച്ച് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധസംഘത്തെ നിയമിച്ച് പഠനം നടത്തണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.
പശുക്കളുടെ ഉടമകൾക്ക് സാന്പത്തിക സഹായം നൽകണമെന്ന്
പുൽപ്പള്ളി: കഠിന ചൂട് മൂലം ചത്ത പശുക്കളുടെ ഉടമകൾക്ക് സാന്പത്തിക സഹായം അടിയന്തരമായി അനുവദിക്കണമെന്ന് മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ ജോസ് കണ്ടംതുരത്തി, ഷൈനി സണ്ണി, അനീഷ ബെന്നി എന്നിവർ ആവശ്യപ്പെട്ടു. രോഗം ബാധിച്ച കറവപ്പശുക്കൾക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പു വരുത്താൻ മൃഗ സംരക്ഷണവകുപ്പ് നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.